Shankaracharyar's Soundharaya lahari with malayalam explanations


Soundharaya lahari by shankaracharya.

സൗന്ദര്യലഹരി
ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി ,
അതസ്ത്വാമാരാധ്യാം ഹരിഹര വിരിഞ്ചാദിഭിരപി
പ്രണന്തും സ്തോതും വാ കഥമകൃത പുണ്യഃ പ്രഭവതി 1
ശക്തിയോട് ചേര്ന്നിരിക്കുമ്പോള് മാത്രമാണ് ശിവന് സൃഷ്ടി മുതലായ കൃത്യങ്ങള് ചെയ്യുവാന് പ്രാപ്തനാകുന്നുള്ളൂ. അല്ലെങ്കില് ശിവന് അനങ്ങുവാന് പോലും കെല്പുണ്ടാകുകയില്ല. അപ്പോള് എങ്ങനെയാണ് പുണ്യശാലിയല്ലാത്ത ഒരാള്ക്ക് ബ്രഹ്മാവിഷ്ണുമഹേശന്മാരാല് പൂജിതയായ അവിടുത്തെ (ശക്തിയെ) പ്രണമിക്കുവാനും സ്തുതിക്കുവാനും സാധിക്കുക?

തനീയാംസം പാംസും തവ ചരണ പംകേരുഹഭവം
വിരിഞ്ചിഃ സഞ്ചിന്വന് വിരചയതി ലോകാനവികലം ,
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം
ഹരഃ സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂലന വിധിം 2
അവിടുത്തെ പാദപത്മങ്ങളില് നിന്നുള്ള ശകലം ധൂളികൊണ്ട് ബ്രഹ്മാവ് ലോകങ്ങളെയെല്ലാം സൃഷ്ടിക്കുന്നു. അതിനെ വിഷ്ണു തന്റെ ആയിരം ശിരസ്സുകളാല് വളരെ പണിപ്പെട്ട് ചുമക്കുന്നു. ഹരനാകട്ടെ അതിനെ ഒന്നു കൂടി ധൂളീകരിച്ച് ഭസ്മമെന്ന പോലെ അതിനെ സ്വശരീരത്തില് ധരിക്കുകയും ചെയ്യുന്നു.
അവിദ്യാനാമന്തസ്തിമിര മിഹിര ദ്വീപനഗരീ
ജഡാനാം ചൈതന്യ സ്തബക മകരംദ സ്രുതിഝരീ ,
ദരിദ്രാണാം ചിന്താമണി ഗുണനികാ ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ മുരരിപു വരാഹസ്യ ഭവതി 3
അവിടുന്ന് (അഥവാ അവിടുത്തെ പാദപാംസുക്കള്) അജ്ഞാനികളുടെ ഹൃദയത്തിലെ അന്ധകാരത്തിന് ജ്ഞാനസൂര്യനുദിച്ചുനില്ക്കുന്ന ദ്വീപനഗരി പോലെയും, മൂഢന്മാര്ക്ക് ശുദ്ധബുദ്ധിയാകുന്ന പൂങ്കുലയില് നിന്നൊഴുകുന്ന തേനരുവി പോലെയും, ദരിദ്രന്മാര്ക്ക് ചിന്താമണി (സകലകാമങ്ങളെയും നല്കുന്ന സ്വര്ഗ്ഗീയമായ രത്നം) രത്നഹാരം പോലെയും, സംസാരസാഗരത്തില് മുങ്ങിത്താഴുന്നവര്ക്ക് വരാഹാവതാരം പൂണ്ട വിഷ്ണുവിന്റെ തേറ്റ പോലെയുമാകുന്നു.
ത്വദന്യഃ പാണിഭ്യാമഭയവരദോ ദൈവതഗണഃ
ത്വമേകാ നൈവാസി പ്രകടിത വരാഭീത്യഭിനയാ ,
ഭയാത് ത്രാതും ദാതും ഫലമപി ച വാഞ്ഛാസമധികം
ശരണ്യേ ലോകാനാം തവ ഹി ചരണാവേവ നിപുണൌ 4
സകലലോകങ്ങള്ക്കും ശരണ്യയായ ദേവി, മറ്റെല്ലാ ദേവീദേവന്മാരും സ്വഹസ്തങ്ങളാല് അഭയവരദമുദ്രകള് പ്രദര്ശിപ്പിക്കുന്നു. അവിടുന്നു മാത്രമാണ് ഇത്തരം ചേഷ്ടകളൊന്നും കാണിക്കാതിരിക്കുന്നത്. അവിടുത്തെ തൃച്ചേവടികള് തന്നെ സകലരുടെയും ഭീതികളെയകറ്റാനും ആഗ്രഹിച്ചതിലുമധികം വരം നല്കുവാനും സാമര്ഥ്യമുള്ളവയാണ്.
ഹരിസ്ത്വാമാരാധ്യ പ്രണത ജന സൌഭാഗ്യ ജനനീം
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത്,
സ്മരോഽപി ത്വാം നത്വാ രതി നയന ലേഹ്യേന വപുഷാ
മുനീനാമപ്യന്തഃ പ്രഭവതി ഹി മോഹായ മഹതാം 5
തന്നെ നമിക്കുന്നവര്ക്കു സൗഭാഗ്യമരുളുന്ന അവിടുത്തെ ആരാധിച്ചതിന്റെ ഫലമായി വിഷ്ണു നാരീരൂപമെടുത്ത് ത്രിപുരാരിയായ ശിവന്റെ മനസ്സിനെയിളക്കി. അവിടുത്തെ പ്രണമിച്ചതിന്റെ ഫലമായി, രതീദേവിയുടെ കണ്ണുകള്ക്ക് ലേഹ്യമായ ഉടലിന്നുടമയായ കാമദേവന് മുനിമാരുടെ പോലും മനസ്സില് ശക്തമായ മോഹം ജനിപ്പിക്കുവാന് സാധിക്കുന്നു.
ധനുഃ പൌഷ്പം മൌര്വ്വീ മധുകരമയീ പഞ്ചവിശിഖാഃ
വസന്തഃ സാമന്തോ മലയമരദായോധന രഥഃ ,
തഥാപ്യേകഃ സര്വ്വം ഹിമഗിരിസുതേ കാമപികൃപാം
അപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ 6
അല്ലയോ ഹിമഗിരിതനയേ! പുഷ്പനിര്മ്മിതമായ വില്ലും, തേനീച്ചകളെക്കൊണ്ടുള്ള ഞാണും, വെറും അഞ്ചുശരങ്ങളും വസന്ത ഋതുവാകുന്ന മിത്രവും, മലയമാരുതനാകുന്ന (തെക്കന് കാറ്റ്) യുദ്ധരഥവും മാത്രം കൈമുതലായുള്ള കാമദേവന് അവിടുത്തെ കൃപാകടാക്ഷം തെല്ലൊന്നു സമ്പാദിച്ചതിന്റെ ഫലമായി ഈയുലകത്തെയാകമാനം ജയിക്കുന്നു (കീഴടക്കുന്നു).
ക്വണത്കാഞ്ചീ ദാമാ കരികലഭ കുംഭസ്തന നതാ
പരിക്ഷീണാ മധ്യേ പരിണത ശരച്ചന്ദ്രവദനാ ,
ധനുര്ബാണാന് പാശം സൃണിമപി ദധനാ കരതലൈഃ
പുരസ്താദാസ്താം നഃ പുരമഥിതുരാഹോ പുരുഷികാ 7
കാഞ്ചീ (അരഞ്ഞാണ്) നാദം പൊഴിച്ചും, ഗജമസ്തകം പോലെയുള്ള സ്തനങ്ങളുടെ ഭാരം കൊണ്ടു കുനിഞ്ഞും, മെലിഞ്ഞുള്ള അരക്കെട്ടോടെയും, ശരത്കാലത്തെ പൂര്ണ്ണചന്ദ്രനെപ്പോലെ പ്രകാശിക്കുന്ന മുഖത്തോടെയും, വില്ലും, ശരവും, പാശവും അങ്കുശവും തൃക്കൈകളിലേന്തിയും ത്രിപുരഭഞ്ജകനായ ശിവന്റെ അഭിമാനഭാജനമായ ദേവി എന്റെ മുന്പില് എന്നും വിളങ്ങട്ടെ.
സുധാ സിന്ധോര്മധ്യേ സുരവിടപി വാടീ പരിവൃതേ
മണിദ്വീപേ നീപോപവനവതീ ചിന്താമണിഗൃഹേ,
ശിവാകാരേ മഞ്ചേ പരമശിവപര്യങ്കനിലയാം
ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം 8
സുധാസാഗരമധ്യത്തില് കല്പവൃക്ഷത്തോപ്പുകളാല് ചുറ്റപ്പെട്ട രത്നദ്വീപില് കദംബവൃക്ഷങ്ങള്ക്കിടയിലുള്ള ചിന്താമണിനിര്മ്മിതമായ ഹര്മ്യത്തില് ശിവാകാരമായ (ശ്രീചക്രത്തിലെ ശക്തിത്രികോണത്തിന്റെ ആകൃതിയിലുള്ള) മഞ്ചത്തില് പരമശിവനാകുന്ന മെത്തയിലിരിക്കുന്ന ചിദാനന്ദലഹരിയാകുന്ന അവിടുത്തെ ധ്യാനിക്കുന്ന വിരളം ചില ധന്യാത്മാക്കള് മാത്രമാണ്.
മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദിമരുതമാകാശമുപരി,
മനോഽപി ഭ്രൂമധ്യേ സകലമപി ഭിത്വാ കുലപഥം
സഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ 9
മൂലാധാരത്തിലെ ഭൂ (ഭൂമി) തത്വത്തിനെയും, മണിപൂരത്തിലെ ജലതത്വത്തിനെയും, സ്വാധിഷ്ഠാനത്തിലെ അഗ്നിതത്വത്തിനെയും, ഹൃദയപത്മത്തിലെ (അനാഹതചക്രത്തിലെ) വായുതത്വത്തിനെയും, അതിനുമുകളിലെ (വിശുദ്ധിചക്രത്തിലെ) ആകാശതത്വത്തിനെയും, ഭ്രൂമദ്ധ്യത്തിലെ (ആജ്ഞാചക്രത്തിലെ) മനസ്തത്വത്തിനെയും മറികടന്ന് അവിടുന്ന് സഹസ്രാരപത്മത്തില് അവിടുത്തെ പതിയായ ശിവനുമായി രഹസ്യമായി വിഹരിക്കുകയാണ്.
സുധാധാരാസാരൈശ്ചരണയുഗലാന്തര്വിഗലിതൈഃ
പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്നായമഹസഃ ,
അവാപ്യ സ്വാം ഭൂമിം ഭുജഗനിഭമധ്യുഷ്ടവലയം
സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുണ്ഡേ കുഹരിണി 10
സഹസ്രാരപത്മത്തിലിരിക്കുന്ന അവിടുത്തെ തൃപ്പാദങ്ങളില് നിന്ന് ശക്തമായി ഒഴുകുന്ന അമൃതധാരയാല് (സാധകന്റെ) ശരീരത്തെയാകമാനം നനച്ച്, വീണ്ടും തന്റെ വാസസ്ഥാനമായ മൂലാധാരചക്രത്തില് ചെന്ന് ഒരു സര്പ്പത്തെപ്പോലെ മൂന്നരചുറ്റായി കുണ്ഡലിനിയായി, ഒരു സൂക്ഷ്മദ്വാരമുള്ള കുലകുണ്ഡത്തില് (താമരക്കിഴങ്ങിന്റെ ആകൃതിയുള്ള) അവിടുന്ന് നിദ്ര ചെയ്യുന്നു.


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: